Sunday, March 22, 2009

വീണ്ടും ഒരു മാര്‍ച്ച് 23

ദൈവം മനുഷ്യന് തന്നിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് മറവി ആണ്...പക്ഷെ ചില ഓര്‍മ്മകള്‍ നമ്മില്‍ നിന്നും മാഞ്ഞു പോകില്ല ...
പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പു സംഭവിച്ച ആ നഷ്ടം ഇന്നും നികത്താന്‍ പറ്റുന്നില്ല ..പകരം വെക്കാന്‍ ആരും ഇല്ലാത്ത ഞാന്‍ ഏറ്റവും ആരാധിച്ചിരുന്ന ..ഒരു പക്ഷെ അത് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാന്‍ കഴിയാതെ പോയി എന്ന സങ്കടം ഇന്നും ബാക്കി നില്ക്കുന്ന ഒരേ ഒരാള്‍ ..എന്റെ അച്ഛന്‍

ഹോസ്പിറ്റലില്‍ പോയി വന്നപ്പോള്‍ കൂട്ടുകാരുടെ മുഖം വിളറിയിരുന്നു ..അന്നും നിസ്സംഗഭാവമായിരുന്നു ആ മുഖത്ത് .. മൂന്നു മാസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞ ഡോക്ടറെ തല്ലാന്‍ തുനിഞ്ഞ കൂട്ടുകാരെ വളരെ പണിപ്പെട്ടു അദ്ദേഹം ശാന്തരാക്കി.

എന്തോ ആ ഡോക്ടറെ വിശ്വസിക്കാന്‍ ആര്ക്കും തോന്നിയില്ല ..പക്ഷെ അയാളുടെ രോഗനിര്‍ണയം ശരിയായിരുന്നു . പക്ഷെ മൂന്നു മാസം രണ്ടു വര്ഷം ആയി എന്ന് മാത്രം ...

വീടോഴികെ എല്ലാം നഷ്ടപ്പെട്ടിട്ടും ചികിത്സ ഞങ്ങള്‍ മുടങ്ങാതെ നോക്കി .. കാന്‍സര്‍ രോഗത്തിന്റെ ചികിത്സ അത് കണ്ടു പിടിക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും .. അച്ഛന്റെ കാര്യത്തില്‍ അത് കുറച്ചു വൈകി പോയിരുന്നു.. വെല്ലൂരിലെ ഹോസ്പിറ്റലില്‍ നിന്നും അവര്‍ പറഞ്ഞതു പ്രകാരം റേഡിയേഷന്‍ തുടങ്ങി എല്ലാം ചെയ്ടൂ. കാലിന്റെ അടിയിലെ മണ്ണ് പോകുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു .. റേഡിയേഷന്‍ കഴിഞ്ഞും ഫലം കാണാതെ വന്നപ്പോള്‍ ഡോക്ടര്‍ കൈവിട്ടു .. ഇനി അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലില്‍ കാണിച്ചാല്‍ മതിയെന്ന് പറഞ്ഞു.. അങ്ങനെ ലാസ്റ്റ് സ്റ്റേജ് ആയ മഞ്ഞപ്പിത്തം വന്നു.. അടുത്തുള്ള ഹോസ്പിറ്റലില്‍ പത്തു ദിവസ്സം .. പിന്നെ എല്ലാം ഒരു ചടങ്ങ് പോലെ .. മൂത്രം പോകാന്‍ ട്യൂബ് ഇടാന്‍ പറഞ്ഞപ്പോള്‍ അത് മേടിക്കാന്‍ ഞാന്‍ പോയി . തിരിച്ചു വരുമ്പോള്‍ കണ്ടത് അമ്മയെ ചെറിയമ്മ അച്ഛന്റെ അടുത്ത് കൊണ്ടു പോകുന്നതാണ്.. അച്ഛന്റെ കൂട്ടുകാര്‍ എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു... ഞാന്‍ ഉള്ളില്‍ ചെന്നപ്പോള്‍ അമ്മയുടെ മടിയില്‍ തല വെച്ചു കിടക്കുന്ന അച്ഛനെയാണ്.. അച്ഛന്റെ കൂട്ടുകാരില്‍ ഏറ്റവും അടുത്ത ഇക്ക വന്നു എന്നെ വിളിച്ചു കൊണ്ടു പോയി .. പിന്നെ ഞാന്‍ ഒന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല ..

ആംബുലന്‍സില്‍ ഞാനും ഇക്കയും പിന്നെ അച്ഛനും... എനിക്കെന്തു കൊണ്ടോ അന്നും അത് ഉള്‍കൊള്ളാന്‍ സമയം വേണ്ടി വന്നു..

അമ്മയും ഞാനും പെങ്ങളും മാത്രമായ ദിനങ്ങള്‍ ..ദാരിദ്രമില്ലെന്കിലും അമ്മയുടെ ജോലി പെങ്ങളുടെ വിദ്യാഭ്യാസം നന്നായി കൊണ്ടു പോയി.. പക്ഷെ എനിക്ക് എല്ലാം അവിടെ അവസാനിച്ചു .. പിന്നെ ജോലി തേടി ..നേടി .. എല്ലാം ഒന്നു നേരെയാവാന്‍ കുറച്ചു ബുദ്ധിമുട്ടി ..

അദ്ദേഹത്തിന്റെ ചികിത്സ ഉണ്ടാക്കിയ ബാധ്യതകളില്‍ നിന്നെല്ലാം ഞങ്ങള്‍ കര കയറി.. പെങ്ങളുടെ കല്യാണം കഴിഞ്ഞു .. ഈയുള്ളവനും പെണ്ണ് കെട്ടി(കിട്ടി)... പക്ഷെ ഇപ്പോളും അദ്ദേഹം ഒരു നല്ല ഓര്‍മയായി ഞങ്ങളുടെ മനസ്സില്‍ ഉണ്ട്.. ഞങ്ങളുടെ നാട്ടില്‍ ഇന്നും ഞാന്‍ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ മകന്‍ എന്നാണ് ..പ്രവാസിയാകുന്നതിനു മുന്‍പും , ഇപ്പോളും ... എനിക്കത് മാത്രം മതി.. അത് മാത്രം ...

ഇന്നും പാര്‍ടി മീറ്റിങ്ങില്‍ പരിഹാരം കാണാന്‍ ബുദ്ധിമുട്ടാകുന്ന പ്രശ്നങ്ങളില്‍ സഖാക്കള്‍ ഇന്നും അദ്ദേഹത്തെ ഓര്‍ക്കും എന്ന് ലോക്കല്‍ സെക്രട്ടറി കണ്ടപ്പോള്‍ പറഞ്ഞു ...അവരും അദ്ദേഹത്തെ മറന്നിട്ടില്ലല്ലോ .... സന്തോഷം തോന്നി ..

Saturday, March 14, 2009

ചെറിയ ആഗ്രഹങ്ങള്‍ .. വല്യ പ്രശ്നങ്ങള്‍

ആദ്യം തന്നെ തമാശയില്‍ തുടങ്ങാം ...



പ്രവാസ ജീവിതത്തിലെ ആദ്യത്തെ പരോള്‍ ...

നാട്ടില്‍ ചെന്നു പെട്ടത് കൂട്ടുകാര്‍ പറയുന്ന പോലെ അവരുടെ സുകൃതം .ചെന്നതിന്റെ പിറ്റേ ദിവസം മുതല്‍ പ്രഭാത കൃത്യങ്ങളില്‍ ബാങ്കില്‍ പോവുക കൂടി ഉള്‍പ്പെടുത്തി . സാഹചര്യങ്ങളുടെ സമ്മര്‍ദം എന്ന് പറയാം .പോകാനുള്ള വണ്ടിയുമായി ഏതെങ്കിലും ഒരുത്തന്‍ കാലത്തേ റെഡി . ബാങ്കില്‍ നിന്നും കാശ്എടുത്താല്‍ പിന്നെ നമുക്കു ഒരു വോയിസ്‌ ഇല്ല. എല്ലാം അവര്‍ പറയുന്ന മാതിരി , പറയുന്ന സ്ഥലത്തേക്ക് ... പലരും ജോലിക്ക് പോകാതെയും നമ്മുടെ കൂടെ കൂടും ..അങ്ങനെ ഒരുത്തന്റെ കഥ ആണ് ഇതു..

അവന്റെ പേരു ഉണ്ണിമോന്‍.. കരക്ടെരിനെ കുറിച്ചു പറയുകയാണെങ്കില്‍ ലൈന്‍ കേസില്‍ അവനെ വെല്ലാന്‍ ആരും തന്നെയില്ല ..അവന്‍ ലൈന്‍ അടിക്കാത്ത ഒരു പെണ്‍കുട്ടിയും ഞങ്ങളുടെ ഏരിയയില്‍ ഇല്ല. ആങ്ങളമാര്‍ എല്ലാം അവന്റെ ബോഡിയില്‍ തോട്ടിട്ടുമുണ്ട് . എന്നാലും അവന്‍ അത് ആ സ്പിരിറ്റില്‍ എടുക്കും .പക്ഷെ കൂട്ടുകാരെയെല്ലാം അവന് വലിയ കാര്യമാണ് .. ജീവന്‍ പോയാലും സീന്‍ കാണാന്‍ പോയപ്പോള്‍ കൂടെ ആരെല്ലാം ഉണ്ടായിരുന്നെന്ന് അവന്‍ പറയാറില്ലാത്തതു കൊണ്ടു പലരും അവനെ മാത്രം പ്രതിയാക്കി ..അറിയാത്ത സംഭവങ്ങളില്‍ പോലും... ഇന്ധനം അടിച്ചാല്‍ എത്ര ദൂരം വേണമെങ്കിലും നടന്നോ ഇഴഞ്ഞോ പോകാന്‍ കഴിവുള്ളവന്‍ ..


അങ്ങനെ വിഷു വന്നെത്തി. എന്റെ പിറന്നാള്‍ കൂടി ആണ് അന്ന്, അതൊരു വലിയ കാരണം തന്നെ അന്നത്തെ തല എന്റെ ആകാന്‍ .. അങ്ങനെ തീര്‍ത്ഥം എല്ലാം വാങ്ങി അടി തുടങ്ങി.. രാത്രി ആയപ്പോള്‍ എല്ലാവരും ഒന്നു ഒതുങ്ങി.. അപ്പോള്‍ ഉണ്ണിക്കു ഒരാഗ്രഹം... ചിക്കന്‍ ബിരിയാണി തിന്നണം.. കരച്ചിലായി .. എന്ത് ചെയ്യും ..സമയം രാത്രി പത്തിനോടടുക്കുന്നു .. കൂട്ടുകാര്‍ കൈ മലര്‍ത്തി ... എനിക്കെന്തോ അവന്റെ കരച്ചില്‍ കേട്ടപ്പോള്‍ അലിവു തോന്നി .. അന്ന് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ അമ്മാവന്‍ രാത്രി ഒമാനിലേക്ക് പോകുന്ന കാരണം നേരത്തെ വരാന്‍ വീട്ടില്‍ നിന്നും ശട്ടം കെട്ടിയതാണ്.. ഒന്നും ആലോചിച്ചില്ല ..അവനെയും കൊണ്ടു നേരെ തൃപ്രയര്‍ക്കു വിട്ടു.. ആദ്യം തുഷാര നോക്കി.അതടച്ചു.. ഇനി ഉള്ളത് ഡ്രീംസ്‌ ആണ്.. വേഗം അവിടെ എത്തി.. സാധാരണ പോകുന്ന കൌണ്ടറില്‍ ചോദിച്ചപ്പോള്‍ മോളില്‍ രേസ്റ്റൊരണ്ടില്‍ പൊയ്ക്കോ എന്ന് പറഞ്ഞു .. അവനെയും കൊണ്ടു മുകളിലേക്ക് നടന്നു... അവിടെ ചെന്നു ഒരുവിധം ഇരുന്നു. കുറച്ചു ഫാമിലി അവിടെ ഉണ്ട് ..അവര്‍ വളരെ ബിസി യും ആണ് . അതൊന്നും നോക്കാതെ ഇരിക്കാന്‍ മനസ്സു വന്നില്ല .. അത് കണ്ടപ്പോള്‍ സപ്ലയര്‍ വന്നു രൂക്ഷ ഭാവത്തില്‍ നോക്കി.. എന്തൂട്ടാ ചേട്ടാ വേണ്ടേ ?അയാളുടെ ചോദ്യത്തില്‍ ഒരു അശ്ലീലമില്ലേ എന്ന് ഞാന്‍ ചുഴിഞ്ഞു നോക്കി ..


എന്തൊക്കെ കിട്ടും ? ഞാന്‍ ചോദിച്ചു..


എന്തും... അയാള്‍ അതില്‍ ഉള്ള ഒരു നല്ല ഫാമിലിയെ നോക്കി പറഞ്ഞു


സമയമില്ല ചേട്ടാ ..പിന്നെ വരാം ..ഇപ്പൊ ഒരു ചിക്കെന്‍ ബിരിയാണി ..


അയാള്‍ പോയപ്പോള്‍ ഞാന്‍ അയാള്‍ പറഞ്ഞ ഫാമിലിയെ ഒന്നു വാച്ച് ചെയ്തു ..


കൂര്‍ക്കം വലിയുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി .. നോക്കുമ്പോള്‍ റെസ്റ്റ്ഒരന്ടിലെ തണുപ്പില്‍ ഉണ്ണി ഉറങ്ങിപ്പോയതാണ് .. അവനെ എണീപ്പിച്ചു ഞാന്‍ ആ കാഴ്ചകള്‍ കാണിച്ചു കൊടുത്തു ..പാവം അത് തന്നെ നോക്കിയിരുന്നു ബിരിയാണി വന്നത് കണ്ടില്ല. . അവന്‍ ബിരിയാണി കഴിക്കുമ്പോള്‍ വെറുതെ ഇരിക്കണ്ട എന്ന് കരുതി ഞാന്‍ ഓരോന്ന് ഓര്‍ത്തിരുന്നു ..


ഡാ ..കുറച്ചു ചോറ് തരാന്‍ പറയു.. ഉണ്ണി പറഞ്ഞു ..ഇവന്റെ കാര്യം എളുപ്പമല്ല ..


എല്ലാം കഴിഞ്ഞു പുറത്തിറങ്ങി വന്നപ്പോള്‍ ..


ഡാ .. എനിക്ക് ഒരു പെഗ് കൂടി അടിക്കണം ..
എന്നാല്‍ വേഗം വാ ..


അവനെയും കൊണ്ടു ബാറിലേക്ക് കയറി..അപ്പോള്‍ അവന്‍ പ്ലേറ്റ് മാറ്റി ..എനിക്ക് വോഡ്ക മതി..


അതെന്കില്‍ അത് ..ഒന്നു വേഗം തീര്‍ക്കു ..


ഞാന്‍ പുറത്തു വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ബാറില്‍ നിന്നും ഒരു ശബ്ദം .. ചുള്ളാ ഇവനെ നീ കൊണ്ടു പോകുന്നുനുണ്ടോ ?അല്ലെങ്കില്‍ നാളെ കാലത്തോ?


ഉള്ളില്‍ ചെന്ന ഞാന്‍ കണ്ടത് കൌണ്ടറില്‍ പിടിച്ചു നില്ക്കുന്ന ഉണ്ണിയെ ആണ്.കാശ് കൊടുത്തു പതുക്കെ പുറത്തിറങ്ങി . ഇവനെ ഈ കോലത്തില്‍ ബൈക്കില്‍ ഇരുത്താന്‍ പറ്റില്ല . ടാക്സി ഒന്നും കാണുന്നുമില്ല .ദൂരെ ഒരു ഏമാന്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ട്‌ .ഞാന്‍ അവനെഒരു വിധത്തില്‍ വണ്ടിയില്‍ ഇരുത്തി .വണ്ടി സ്റ്റാര്‍ട്ട് ചെയ്തു .മുന്നോട്ടെടുക്കുമ്പോള്‍ പോലീസ് ഏമാന്‍ പതുക്കെ മൂവ് ചെയ്തു തുടങ്ങി ..ഞാന്‍ ഗിയര്‍ മാറ്റി.. പതുക്കെ വിട്ടു.. കുറച്ചു ദൂരം പോന്ന ഞാന്‍ തിരിഞ്ഞു നോക്കി. .പകുതി പുറത്തും പകുതി വണ്ടിയുടെ മുകളിലും ആയി അവന്‍ അവിടെ തന്നെ ഉണ്ട്.. പിന്നെ കുറച്ചു പതുക്കെയാക്കി ... അവനെ എന്ത് ചെയ്യും എന്നാലോചിച്ച് ഒരു പിടിയും കിട്ടിയില്ല.. അങ്ങനെ ഞാന്‍ മറ്റൊരു ഘെടിയെ വിളിച്ചു..


ഡാ. . ഞാനാ ...


ഹ്മ്മം ..എന്തേ..


ഞങ്ങ വന്നു ... ഉണ്ണിയെ എന്ത് ചെയ്യും?


ബോധമുണ്ടോ അവന്?


ഇല്ല..


എങ്കില്‍ ആ പഞ്ചായത്ത് കിണറിന്റെ അവിടെ കിടത്തി നീ വിട്ടോ..


അല്ലെടാ എന്നാലും ..


ഒരു എന്നാലുമില്ല ..അവന്‍ കാലത്ത് എണീറ്റ്‌ പൊക്കോളും ..ജീവനുന്ടെന്കില്‍ .. . പോടാ


അവനെ അവിടെ കിടത്തി പോകാന്‍ എനിക്ക് മനസ്സു വന്നില്ല ..അവനെയും കൊണ്ടു ഞാന്‍ അവന്റെ വീടെത്തി ..മുറ്റത്തെ ഇറയത്തു അവനെ കിടത്തി ..പതുക്കെ ബെല്ലടിച്ചു ..അനക്കമില്ല.. കുറെ നേരം കഴിഞ്ഞു ..


അവസാനം ഞാന്‍ അവന്റെ അമ്മയെ വിളിച്ചു ...


cചേച്ചി ..ഇവിടെ ഒരു സാധനം വെച്ചിട്ടുണ്ട് ..കാലത്ത് എടുത്താലും മതി..


ഞാന്‍ ബൈക്ക് തിരിച്ചു വീട്ടിലെത്തി .. അമ്മാവന്‍ പോയി എന്ന് അമ്മ പറഞ്ഞു .ഒരു കുറ്റബോധം തോന്നി ..ഇനി ആളെഎന്ന് കാണാന്‍ ... ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണ്ണി ആയിരുന്നു മനസ്സില്‍ .. അറിയാതെ ഉറങ്ങിപ്പോയി .. കാലത്ത് എണീറ്റ്‌ നേരെ അവന്റെ വീട്ടില്‍ ചെന്നു.." ഉണ്ണി യെന്തിയെ ?" അവന്‍ പണിക്കു പോയല്ലോ മോനേ ... ഹാവൂ സമാധാനം ആയി..


വൈകുന്നേരം അവന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ ഇന്നലെ ഉണ്ടായതെല്ലാം ഞാന്‍ അവനോടും കൂട്ടുകാരോടും പറഞ്ഞു..


പോടാ ---- മക്കളെ ..ബിരിയാണി തിന്നാനുള്ള എന്റെ ഒരു ചെറിയ ആഗ്രഹം നടത്താന്‍ കഴിവില്ലാത്ത നിന്‍റെയോന്നും കമ്പനി എനിക്ക് വേണ്ട.. എന്നും പറഞ്ഞു അവന്‍ പോകുന്നത് ഞങ്ങള്‍ നോക്കി നിന്നു...


അതില്‍പിന്നെ ആരുടേയും അസമയത്തുള്ള ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ഞാന്‍ മിനക്കെടാറില്ല ...