Sunday, March 22, 2009

വീണ്ടും ഒരു മാര്‍ച്ച് 23

ദൈവം മനുഷ്യന് തന്നിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് മറവി ആണ്...പക്ഷെ ചില ഓര്‍മ്മകള്‍ നമ്മില്‍ നിന്നും മാഞ്ഞു പോകില്ല ...
പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പു സംഭവിച്ച ആ നഷ്ടം ഇന്നും നികത്താന്‍ പറ്റുന്നില്ല ..പകരം വെക്കാന്‍ ആരും ഇല്ലാത്ത ഞാന്‍ ഏറ്റവും ആരാധിച്ചിരുന്ന ..ഒരു പക്ഷെ അത് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാന്‍ കഴിയാതെ പോയി എന്ന സങ്കടം ഇന്നും ബാക്കി നില്ക്കുന്ന ഒരേ ഒരാള്‍ ..എന്റെ അച്ഛന്‍

ഹോസ്പിറ്റലില്‍ പോയി വന്നപ്പോള്‍ കൂട്ടുകാരുടെ മുഖം വിളറിയിരുന്നു ..അന്നും നിസ്സംഗഭാവമായിരുന്നു ആ മുഖത്ത് .. മൂന്നു മാസത്തില്‍ കൂടുതല്‍ ജീവിക്കില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞ ഡോക്ടറെ തല്ലാന്‍ തുനിഞ്ഞ കൂട്ടുകാരെ വളരെ പണിപ്പെട്ടു അദ്ദേഹം ശാന്തരാക്കി.

എന്തോ ആ ഡോക്ടറെ വിശ്വസിക്കാന്‍ ആര്ക്കും തോന്നിയില്ല ..പക്ഷെ അയാളുടെ രോഗനിര്‍ണയം ശരിയായിരുന്നു . പക്ഷെ മൂന്നു മാസം രണ്ടു വര്ഷം ആയി എന്ന് മാത്രം ...

വീടോഴികെ എല്ലാം നഷ്ടപ്പെട്ടിട്ടും ചികിത്സ ഞങ്ങള്‍ മുടങ്ങാതെ നോക്കി .. കാന്‍സര്‍ രോഗത്തിന്റെ ചികിത്സ അത് കണ്ടു പിടിക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും .. അച്ഛന്റെ കാര്യത്തില്‍ അത് കുറച്ചു വൈകി പോയിരുന്നു.. വെല്ലൂരിലെ ഹോസ്പിറ്റലില്‍ നിന്നും അവര്‍ പറഞ്ഞതു പ്രകാരം റേഡിയേഷന്‍ തുടങ്ങി എല്ലാം ചെയ്ടൂ. കാലിന്റെ അടിയിലെ മണ്ണ് പോകുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു .. റേഡിയേഷന്‍ കഴിഞ്ഞും ഫലം കാണാതെ വന്നപ്പോള്‍ ഡോക്ടര്‍ കൈവിട്ടു .. ഇനി അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലില്‍ കാണിച്ചാല്‍ മതിയെന്ന് പറഞ്ഞു.. അങ്ങനെ ലാസ്റ്റ് സ്റ്റേജ് ആയ മഞ്ഞപ്പിത്തം വന്നു.. അടുത്തുള്ള ഹോസ്പിറ്റലില്‍ പത്തു ദിവസ്സം .. പിന്നെ എല്ലാം ഒരു ചടങ്ങ് പോലെ .. മൂത്രം പോകാന്‍ ട്യൂബ് ഇടാന്‍ പറഞ്ഞപ്പോള്‍ അത് മേടിക്കാന്‍ ഞാന്‍ പോയി . തിരിച്ചു വരുമ്പോള്‍ കണ്ടത് അമ്മയെ ചെറിയമ്മ അച്ഛന്റെ അടുത്ത് കൊണ്ടു പോകുന്നതാണ്.. അച്ഛന്റെ കൂട്ടുകാര്‍ എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു... ഞാന്‍ ഉള്ളില്‍ ചെന്നപ്പോള്‍ അമ്മയുടെ മടിയില്‍ തല വെച്ചു കിടക്കുന്ന അച്ഛനെയാണ്.. അച്ഛന്റെ കൂട്ടുകാരില്‍ ഏറ്റവും അടുത്ത ഇക്ക വന്നു എന്നെ വിളിച്ചു കൊണ്ടു പോയി .. പിന്നെ ഞാന്‍ ഒന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല ..

ആംബുലന്‍സില്‍ ഞാനും ഇക്കയും പിന്നെ അച്ഛനും... എനിക്കെന്തു കൊണ്ടോ അന്നും അത് ഉള്‍കൊള്ളാന്‍ സമയം വേണ്ടി വന്നു..

അമ്മയും ഞാനും പെങ്ങളും മാത്രമായ ദിനങ്ങള്‍ ..ദാരിദ്രമില്ലെന്കിലും അമ്മയുടെ ജോലി പെങ്ങളുടെ വിദ്യാഭ്യാസം നന്നായി കൊണ്ടു പോയി.. പക്ഷെ എനിക്ക് എല്ലാം അവിടെ അവസാനിച്ചു .. പിന്നെ ജോലി തേടി ..നേടി .. എല്ലാം ഒന്നു നേരെയാവാന്‍ കുറച്ചു ബുദ്ധിമുട്ടി ..

അദ്ദേഹത്തിന്റെ ചികിത്സ ഉണ്ടാക്കിയ ബാധ്യതകളില്‍ നിന്നെല്ലാം ഞങ്ങള്‍ കര കയറി.. പെങ്ങളുടെ കല്യാണം കഴിഞ്ഞു .. ഈയുള്ളവനും പെണ്ണ് കെട്ടി(കിട്ടി)... പക്ഷെ ഇപ്പോളും അദ്ദേഹം ഒരു നല്ല ഓര്‍മയായി ഞങ്ങളുടെ മനസ്സില്‍ ഉണ്ട്.. ഞങ്ങളുടെ നാട്ടില്‍ ഇന്നും ഞാന്‍ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ മകന്‍ എന്നാണ് ..പ്രവാസിയാകുന്നതിനു മുന്‍പും , ഇപ്പോളും ... എനിക്കത് മാത്രം മതി.. അത് മാത്രം ...

ഇന്നും പാര്‍ടി മീറ്റിങ്ങില്‍ പരിഹാരം കാണാന്‍ ബുദ്ധിമുട്ടാകുന്ന പ്രശ്നങ്ങളില്‍ സഖാക്കള്‍ ഇന്നും അദ്ദേഹത്തെ ഓര്‍ക്കും എന്ന് ലോക്കല്‍ സെക്രട്ടറി കണ്ടപ്പോള്‍ പറഞ്ഞു ...അവരും അദ്ദേഹത്തെ മറന്നിട്ടില്ലല്ലോ .... സന്തോഷം തോന്നി ..

1 comment:

  1. shebeer nalla ormmakal ... nombaramunarthunna achante verpadinte nanutha ormmakalkku munpil pranamam..bhavukangal

    by sree.... jith
    http://sreejith100.blogspot.com

    ReplyDelete